Friday, September 25, 2015

ഫ്ളാഷ് ഫിക്ഷന്‍

ഈ മണ്ട കൂശ്മാണ്ഡങ്ങള്‍ക്കെന്തറിയാം?


മണ്ട കൂശ്മാണ്ഡങ്ങള്‍ 132 കോടിയും വായിട്ടലച്ചു.  തല കുമ്പിട്ടുനിന്നു. 


ഓച്ഛാനിച്ചുപോയത് ഓര്‍ക്കാപ്പുറത്തോ? നാട്ടിന്നരചര്‍ക്കു വിമ്മിട്ടം; ഓക്കാനം. കാതോര്‍ത്തോരൊക്കെയും വിരണ്ടു.  എന്നാപ്പിന്നെ സബ്സിഡിയെ ചവിട്ടിക്കൂട്ടി തൂത്തെറിയാം. പിണ്ഡം വയ്ക്കാം.  അരചര്‍ കൂകി.  തിമിര്‍ത്താര്‍ത്തു.  വഴിനീളെ ചെണ്ടയടിച്ചു.  ഷാമിയാനകളെങ്ങും പൊങ്ങി.  ഒച്ച പെരുത്തവന്‍റെ വിടുവാ!  ചെകിടുകളില്‍ തമ്പേര്‍!  ഈ മണ്ട കൂശ്മാണ്ഡങ്ങള്‍ക്കെന്തറിയാം....


കൂശ്മാണ്ഡങ്ങള്‍ തലമാന്തിക്കൊണ്ടിരുന്നു.  പെട്രോള്‍ വില അഞ്ചു തുണ്ടു കൂടിയാല്‍ അരിയും കരിയും പാഷാണവുമെല്ലാം   കേറും പത്തിന്.  വയറ്റിലടിച്ചു കരഞ്ഞെന്നാല്‍ തുണ്ടേലൊന്നു കുറഞ്ഞാലായി.  എന്നാലും അന്നവില പൊന്തിയതൊട്ടും താഴേക്കില്ല.  ആണികേറിയങ്ങുറഞ്ഞപോലെ അവിടെത്തന്നെ.  ഇതെന്തു കൂത്ത്!  പഞ്ചപുച്ഛമടക്കിയവനതു പിഴ! തെറ്റ്.  മണ്ടക്കൂശ്മാണ്ഡങ്ങള്‍ ഒറ്റയ്ക്കും തെറ്റയ്ക്കും മാറിയും തിരിഞ്ഞും മുറുമുറുത്തു. 


ദേ, വീണ്ടും കേറ്റി ഇന്ധനത്തിനപ്പോള്‍ മൂന്ന്!  അരിവില മാനം മുട്ടി.  നല്ല കഥ!


കൂശ്മാണ്ഡങ്ങള്‍ക്ക് ആധിയായി.  ആധി വ്യാധിയായെന്നാറെ മണ്ടന്മാര്‍ 1,328,852,821-ഉം അധികം പൊട്ടും പൊടിയും ചേര്‍ന്നു മൂര്‍ദ്ധാവില്‍ കൈവച്ചു.  ഉടന്‍ തലയിലൊടുക്കത്തെ ലഡു പൊട്ടി.  മണ്ടകള്‍ മിക്കതും പൊളിഞ്ഞു.  പൊട്ടിപ്പൊളിയാതെ നിന്നോരില്‍ കലി കയറി.  അവരും മൂര്‍ദ്ധാവില്‍തന്നെ കൈവച്ചു. കൈവച്ചുകെട്ടി നിറുത്താതെ പിരാകി: നശൂര്‍ണ്ണം പിടിക്കാന്‍!  


കലികയറിയോനു പുലിയാണു കാലം.  കലികാലം!  അതല്ലേ അവസാന കാലം!!  പിന്നല്ലാണ്ട്!!!



-പുനലൂര്‍ ചന്ദ്രശേഖരന്‍